കൊച്ചി: സിനിമ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ഹരീഷ് കണാരൻ.
കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും ചോദിച്ചപ്പോൾ സിനിമകളിലെ അവസരം നഷ്ടപ്പെടുത്തിയെന്നുമാണ് ഹരീഷ് കണാരൻ ആരോപിച്ചത്. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമായി അറിയിച്ചത്.
ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്ക്കായി 40 ദിവസത്തെ ഡേറ്റ് ചോദിച്ചു വാങ്ങിയെങ്കിലും അവസരം നൽകിയില്ല. ഈ ഡേറ്റ് തന്നതിനിടയിലാണ് ഞാൻ കൊടുത്ത 20 ലക്ഷം രൂപ തിരികെ ചോദിച്ചത്.
മൂന്നു നാല് വർഷമായി ഞാൻ പണം തിരികെചോദിച്ചിരുന്നില്ല. വീടുപണി നടക്കുന്നുണ്ടായിരുന്നു. തരാമെന്ന് പറയുന്നതല്ലാതെ, പണം കിട്ടാതെ മുന്നോട്ടു പോയി. ഒരു ദിവസം ഇടവേള ബാബു ചേട്ടനെ വിളിച്ച് ഇത്രയും പണം കിട്ടാനുണ്ട് എന്നും, ഒന്ന് സംസാരിക്കണം എന്നും പറഞ്ഞു. അദ്ദേഹം സംസാരിച്ചതും ഇത്രയും തുക ഹരീഷിന് തരാനുണ്ടെന്ന കാര്യം പണം വാങ്ങിയ ആൾ സമ്മതിച്ചു.
സമാനരീതിയിൽ പലരും പരാതി പറയുന്നുണ്ട്, ഹരീഷ് എങ്ങനെയെങ്കിലും പണം തിരികെ വാങ്ങാൻ നോക്ക് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്റെ ഒരു സിനിമ ഇറങ്ങിയാൽ പണം താരം എന്നായി. എന്നിട്ടും കിട്ടിയില്ല. അപ്പോഴേക്കും എആർഎം ഷൂട്ടിംഗ് തുടങ്ങി.
ഞാൻ ഒരാളെ സഹായിക്കുകയായിരുന്നു, അയാൾക്ക് യാതൊരു ഉപദ്രവവും ചെയ്തിട്ടില്ല. ഒരാളുടെ അന്നം മുടക്കേണ്ട കാര്യമില്ലല്ലോ, അയാൾ ജീവിച്ചു പൊയ്ക്കോട്ടേ എന്ന് വിചാരിച്ചാൽ പോരെ. ഡേറ്റ് തരാമെന്ന് പറഞ്ഞ് എന്നെ സമീപിക്കുകയായിരുന്നു. ഞാൻ അങ്ങോട്ട് പോയി ചോദിച്ചതല്ല.
പലരും എന്നോട് പേര് പറയാൻ ആവശ്യപ്പെട്ടു. ബാദുഷയാണ് ആ വ്യക്തി. ഇനി ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് സിനിമയൊന്നും കിട്ടാതെ വന്നേക്കാം, ഞാൻ പ്രോഗ്രാം ചെയ്തു ജീവിച്ചോളാം. നമ്മളൊരു ഉപകാരം ചെയ്ത ആളിൽ നിന്നും ഇങ്ങനെയൊരു അനുഭവമുണ്ടായതിലാണ് വിഷമം.- ഹരീഷ് പറഞ്ഞു.
നേരത്തം, കടം വാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരിൽ മലയാള സിനിമയിലെ ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ തന്നെ സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ ഇടപെട്ടിരുന്നുവെന്ന് ഹരീഷ് കണാരൻ ആരോപിച്ചിരുന്നു. എന്നാൽ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.